മലയാള സിനിമയിലെ പ്രശസ്തരായ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മ്മിച്ചിട്ടുള്ള സന്തോഷ് ആ സിനിമയുടെ പരാജയത്തെ പറ്റി തുറന്ന് പറയുകയാണിപ്പോള്‍. നീരാളി എന്ന സിനിമയെ കുറിച്ചായിരുന്നു നിര്‍മാതാവ് പറഞ്ഞത്. ആ ചിത്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് താനതിലേക്ക് എത്തുന്നത്.
ആ സിനിമയുടെ നിര്‍മാണം കഴിഞ്ഞ് പ്രിവ്യൂ കണ്ടപ്പോള്‍ തന്നെ അത് പരാജയപ്പെടുമെന്ന് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ അതിന് പകരം മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമ നിര്‍മ്മിച്ച് തനിക്കുണ്ടായ ചീത്തപ്പേര് മാറ്റുമെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ സന്തോഷ് ടി കുരുവിള വ്യക്തമാക്കുന്നു.
മോഹന്‍ലാലിനോടുള്ള ഇഷ്ടം വളരെ ചെറിയ പ്രായത്തിലെ തനിക്കുണ്ടായിരുന്നതായിട്ടാണ് സന്തോഷ് പറയുന്നത്. ലാലിന്റെ കല്യാണത്തിന് വിളിക്കാതെ പോയ കഥയും താരം പങ്കുവെച്ചു. ‘ലാലേട്ടനെ വെച്ച് ഒരു ഗംഭീര സിനിമ ചെയ്യണമെന്ന് വളരെ ചെറുപ്പത്തിലേ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കല്യാണം കൂടാന്‍ ഞാന്‍ പോയിട്ടുണ്ട്. തൊട്ടടുത്ത വീട്ടിലുള്ള ജോണി ചേട്ടന്റെ ജീപ്പില്‍ കയറിയാണ് താന്‍ ആ കല്യാണത്തിന് പോയത്. ക്ഷണിച്ചിട്ടൊന്നും പോയതല്ല. പിന്നീട് നിങ്ങളുടെ കല്യാണത്തിന് വിളിക്കാതെ വന്ന അതിഥിയാണ് ഞാനെന്ന് ലാലേട്ടനോടും ചേച്ചിയോടും പറഞ്ഞിട്ടുണ്ടെന്നും’, സന്തോഷ് വ്യക്തമാക്കുന്നു.
‘യഥാര്‍ഥത്തില്‍ നീരാളി എന്ന സിനിമ ഞാന്‍ ചെയ്യാനിരുന്നതല്ല. ക്യാമറമാന്‍ കുമാര്‍ സാര്‍ എടുക്കാന്‍ ഇരുന്നതാണ്. അദ്ദേഹത്തിന് സാമ്പത്തികമായിട്ടുള്ള പ്രശ്‌നം വന്നപ്പോള്‍ ലാസ്റ്റ് മിനുറ്റില്‍ ഞാനെടുക്കേണ്ടി വന്ന സിനിമയാണത്.
ആ സിനിമയില്‍ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. കാരണം സംവിധായകന്‍ പുതുമുഖമാണ്. പിന്നെ സംവിധായകന്‍ ആരാണെങ്കിലും നമുക്ക് വിശ്വാസമുള്ളൊരു ടീമിനെ എപ്പോഴും ആ സിനിമയുടെ വിവിധ മേഖലകളില്‍ നിര്‍ത്താറുണ്ട്. പക്ഷേ ഈ സിനിമയില്‍ അത് സാധിച്ചില്ല.
ആ ചിത്രത്തിന്റെ ഷൂട്ടിങ് ബോംബെയിലാണ് നടന്നത്. എല്ലാ തയ്യാറെടുപ്പുകളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ട് കൂടുതലൊന്നും ഇടപെടാന്‍ പറ്റിയില്ല. ആ സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ തന്നെ ഈ സിനിമ പോര, മോശമാവുമെന്ന് സുചിത്ര ചേച്ചി തന്നെ പറഞ്ഞിരുന്നു. കാരണം സിനിമയുടെ സെക്കന്‍ഡ് ഹാഫ് ഒട്ടും ഡൈജസ്റ്റ് ആവുന്നില്ലെന്നാണ് ചേച്ചി പറഞ്ഞത്.
അതിന് ശേഷം ലാലേട്ടനോട് ഒരു കഥ പറയാന്‍ ഞാന്‍ പോയിട്ടില്ല. എന്നാല്‍ ഒരു കഥയെ പറ്റി ലാലേട്ടനോട് സൂചിപ്പിച്ചിരുന്നു. തമിഴില്‍ വിജയസേതുപതി നായകനായി അഭിനയിച്ച 96 എന്ന ചിത്രത്തിന്റെ കഥ പറയാന്‍ പോയിരുന്നു. ആ സമയത്ത് പുള്ളിയ്ക്ക് ഒത്തിരി സിനിമകളുടെ തിരക്കായിരുന്നു. അതുകൊണ്ട് നടക്കാതെ പോയി. പിന്നീടാണ് 96 തമിഴില്‍ വലിയ രീതിയില്‍ വരുന്നത്.
എന്തായാലും ലാലേട്ടന് ചേരുന്നൊരു കഥയുമായി ഞാനൊരു വലിയ സിനിമ എന്തായാലും ചെയ്യും. എനിക്കും അദ്ദേഹത്തിനുമുണ്ടായ ചീത്തപ്പേര് അങ്ങനെ മാറ്റിയെടുക്കണം. നമ്മള്‍ നല്ല സിനിമ എടുത്തിട്ട് അത്യാവശ്യം പബ്ലിസിറ്റി കൊടുത്താല്‍ ജനം കാണുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്’, സന്തോഷ് ടി കുരുവിള പറയുന്നു.